
മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യയായ ജിസ്‌മോൾ തോമസ്, മക്കളായ നോഹ(5), നോറ(2) എന്നിവരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിൽ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിലാണ് മൂന്നുപേരെയും സംസ്കരിക്കുക. ഭർത്താവിന്റെ ഇടവക പള്ളിയിൽ സ്ത്രീയെ സംസ്കരിക്കണമെന്ന ക്നാനായ നിയമത്തിൽ ഇളവ് നൽകാൻ സഭാ നേതൃത്വം തയ്യാറായതോടെയാണ് ജിസ്മോളുടെയും മക്കളുടെയും സംസ്കാര ചടങ്ങുകളിലെ അനിശ്ചിതത്വം അവസാനിക്കുന്നത്.
ജിസ്മോളുടെയും മക്കളുടെയും സംസ്കാര ചടങ്ങുകൾ ജിസ്മോളുടെ ഭർത്താവിന്റെ ഇടവക പള്ളിയിൽ നടത്താനാകില്ലെന്ന നിലപാടിലായിരുന്നു യുവതിയുടെ കുടുംബം. ജിസ്മോളുടെയും മക്കളുടെയും മരണത്തിന് കാരണം ഭർത്താവും വീട്ടുകാരുമാണെന്നാരോപിച്ചാണ് യുവതിയുടെ കുടുംബം ഇത്തരമൊരു നിലപാടെടുത്തത്. ഇതേ തുടർന്ന് സഭാ നേതൃത്വം രണ്ട് ദിവസത്തോളം നടത്തിയ ചർച്ചകളുടെയും കൂടിയാലോചനകളുടെയും ഒടുവിലാണ് ജിസ്മോളുടെ ജന്മനാട്ടിലെ പള്ളിസെമിത്തേരിയിൽ സംസ്കാരം നടത്താൻ അനുമതി നൽകിയത്.
ഇന്നു വൈകിട്ട് 3.30നാണ് ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ. മൃതദേഹങ്ങൾ രാവിലെ ജിസ്മോളുടെ ഭർത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂർദ് മാതാ പള്ളി ഹാളിൽ എത്തിക്കും. തുടർന്ന് ഒന്നര മണിക്കൂർ ഇവിടെ പൊതുദർശനമുണ്ടാകും. അതേസമയം, ജിമ്മിയുടെ വീട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകില്ല. പൊതുദർശനത്തിനുശേഷം ഉടൻ മൃതദേഹങ്ങൾ പാലായിലേക്ക് കൊണ്ടുപോകും.










